‘ആരോഗ്യപരിചരണ മേഖലയുടെ വെല്ലുവിളികള്‍’ ചര്‍ച്ച സംഘടിപ്പിക്കുന്നു
Source: Managalam-Pravasi
ദോഹ: ആഗോളതലത്തില്‍ ആരോഗ്യപരിചരണ മേഖല നേരിടുന്ന വെല്ലുവളികളും അവതരണം ചെയ്യാന്‍ സ്വീകരിക്കേണ്ട നൂതന ആശയങ്ങളും ചര്‍ച്ച ചെയ്യുന്ന പ്രഥമ വേള്‍ഡ് ഇന്നൊവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്തിന്(വിഷ്) ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നു. ഖത്തര്‍ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഡിസംബര്‍ 10-11 തിയ്യതികളിലായി ഖത്തര്‍ നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഉച്ചകോടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആരോഗ്യ മേഖലയിലെ പ്രഫഷനലുകള്‍, നയരൂപീകരണ വിദഗ്‌ധര്‍, രാഷ്ര്‌ടത്തലവന്‍മാര്‍, മന്ത്രിമാര്‍, മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്‌ഥര്‍, വ്യവസായികള്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.
ഫോര്‍സീസണ്‍സ് ഹോട്ടലില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ വിഷ് എക്‌സിക്യുട്ടീവ് ചെയര്‍ പ്രഫസര്‍ ലോര്‍ഡ് ഡാര്‍സി(ഡയറക്‌ടര്‍, ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഗ്ലോബല്‍ ഹെല്‍ത്ത് ഇന്നൊവേഷന്‍, ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍)യാണ് ഇക്കാര്യം അറിച്ചത്. ആഗോളതലത്തില്‍ ആരോഗ്യ മേഖലയില്‍ നിലനില്‍ക്കുന്ന വെല്ലുവളികളും പോരായ്‌മകളും പരിഹരിക്കാന്‍ കണ്ടുപിടിത്തങ്ങള്‍ക്കും നൂതന ആശയങ്ങള്‍ക്കും കഴിയുമെന്നും ഇത് ആരു നടത്തിയാലും അതിന്റെ ഗുണഭോക്‌താക്കള്‍ ലോകത്തെ എല്ലാവിഭാഗം ആളുകളാണെന്നും ലോര്‍ഡ് ഡാര്‍സി പറഞ്ഞു. പ്രായോഗികവും സുസ്‌ഥിരവുമായ ആശയങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്യാനും പങ്കുവയ്‌ക്കുകയുമാണ് വിഷിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
മാനസികാരോഗ്യം, പൊണ്ണത്തടി, റോഡപകടങ്ങള്‍ മൂലമുള്ള പരിക്കുകള്‍ തുടങ്ങി ആഗോളതലത്തില്‍ ആരോഗ്യ മേഖല അഭിമുഖീകരിക്കുന്ന എട്ടു വെല്ലുവിളികളെ കേന്ദ്രീകരിച്ചായിരിക്കും രണ്ടു ദിവസത്തെ ഉച്ചകോടിയെന്നും അദ്ദേഹം പറഞ്ഞു. അരോഗ്യ പരിചരണ രംഗത്ത് ഖത്തറിനെ ആഗോളതലത്തില്‍ മുന്‍നിരയില്‍ എത്തിക്കുകയാണ് ഖത്തര്‍ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് എന്‍ജിനീയര്‍ സഅദ് അല്‍മുഹന്നദി പറഞ്ഞു. വിഷിലൂടെ ഇതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ ലക്ഷ്യങ്ങള്‍ക്കനുസൃതമായിട്ടായിരിക്കും വിഷ് ഉച്ചകോടി കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ നടന്ന ഗ്ലോബല്‍ ഹെല്‍ത്ത് പോളിസി സമ്മിറ്റില്‍ പങ്കെടുത്ത ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ ശെയ്‌ഖ മൗസ ബിന്‍ത് നാസര്‍ അല്‍ മിസ്‌നദാണ് വിഷ് ഉച്ചകോടി ഖത്തറില്‍ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്.
വാര്‍ത്താ സമ്മേളനത്തില്‍ എന്‍ജിനീയര്‍ സഅദ് അല്‍മുഹന്നദിക്കും പ്രഫസര്‍ ലോര്‍ഡ് ഡാര്‍സിക്കും പുറമെ പ്രഫസര്‍ ഡേയിം സാല്ലി ഡേവീസ്(ചീഫ് മെഡിക്കല്‍ ഓഫിസര്‍ ലണ്ടന്‍),ഡോ. ജാവേദ് ശെയ്‌ഖ്(ഡീന്‍, വെയ്‌ല്‍ കോണെല്‍ മെഡിക്കല്‍ കോളജ് ഇന്‍ ഖത്തര്‍), പ്രഫസര്‍ ഡെര്‍മോട്ട് കെല്‍ഹെര്‍(ഡീന്‍, ഫാക്കല്‍ടി ഓഫ് മെഡിസിന്‍, ഇംപീരിയല്‍ കോളജ് ഓഫ് ലണ്ടന്‍) എന്നിവരും പങ്കെടുത്തു.
അബ്‌ദുള്‍ ഖാദര്‍ കക്കുളത്ത്